പെണ്‍കുട്ടികളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ ചെരിപ്പുകള്‍ക്ക് എപ്പോഴും പ്രത്യേക സ്ഥാനമാണുള്ളത്. എന്നാല്‍, വിചിത്രമെന്നു തോന്നുന്ന ഫാഷന്‍ പരീക്ഷണങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറുന്നത് പന്നിയുടെ കാലുകളോട് സാമ്യമുള്ള വിചിത്ര രൂപത്തിലുള്ള ചെരിപ്പുകളാണ്. കാണുമ്പോള്‍ കൗതുകവും അറപ്പും ഒരേപോലെ തോന്നിപ്പിക്കുന്ന ഈ പാദരക്ഷകള്‍ ധരിച്ച് സെലിബ്രിറ്റികള്‍ വരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പ്രമുഖ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ വാലന്റീനോ ആണ് ഈ വ്യത്യസ്തമായ ചെരിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയോളമാണ് ഈ ചെരിപ്പുകളുടെ വില. ഇതിന്റെ 4.1 ഇഞ്ച് നീളമുള്ള സ്റ്റെലിറ്റോ ഹീല്‍സും മുന്‍ഭാഗത്തെ സുതാര്യമായ പോളിമര്‍ സ്ട്രാപ്പുമാണ് പന്നിയുടെ കാല്‍ക്കുളമ്പിന് സമാനമായ ലുക്ക് നല്‍കുന്നത്. സുതാര്യമായ സ്ട്രാപ്പിലൂടെ കാല്‍വിരലുകള്‍ പുറത്തുകാണുന്ന രീതിയിലാണ് ഡിസൈന്‍. ആന്റിക് ബ്രാസ് ഫിനിഷിലുള്ള വാലന്റീനോയുടെ സിഗ്‌നേച്ചര്‍ ‘വി’ ലോഗോയും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്.
ബ്ലാക്ക്, റസ്റ്റ്, അക്വാമറൈന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഹീല്‍സ് ഹെയ്ലി ബീബര്‍, ടൈല തുടങ്ങിയ അന്താരാഷ്ട്ര ഫാഷന്‍ ഐക്കണുകള്‍ ധരിച്ചത് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മെറ്റ് ഗാല പോലെയുള്ള വലിയ വേദികളില്‍ പോലും ഇത്തരം വിചിത്ര പാദരക്ഷകള്‍ ധരിച്ചാണ് താരങ്ങള്‍ എത്തിയത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ട്രെന്‍ഡുകളില്‍ ഒന്നായി ഇത്തരം വിചിത്ര പാദരക്ഷകള്‍ മാറിക്കഴിഞ്ഞു. നേരത്തെ ഷിയാപറെല്ലി ബ്രാന്‍ഡ് പുറത്തിറക്കിയ കാല്‍വിരലുകളുടെ ആകൃതിയുള്ള കിറ്റണ്‍ ഹീല്‍സും സമാനമായ രീതിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ആളുകള്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ടെങ്കിലും, ഫാഷന്‍ ലോകത്ത് ഇവ വലിയൊരു വിപ്ലവം തന്നെയാണ് തീര്‍ക്കുന്നത്.