അന്യഭാഷാ നടനാണെങ്കിലും മലയാളി പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ നെഞ്ചിലേറ്റിയ താരമാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ-കുടുംബ ചിത്രങ്ങളിലൊന്നായ ‘ഹാപ്പി’ തിയേറ്ററുകളില്‍ വീണ്ടുമെത്തിയപ്പോള്‍ ആരാധകര്‍ അത് വലിയ ആഘോഷമാക്കുകയാണ്. റീ-റിലീസ് ചെയ്ത് വെറും 6 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 1.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഇതോടെ, ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമെന്ന റെക്കോര്‍ഡും ഈ പഴയ ഡബ്ബിങ് ചിത്രം സ്വന്തമാക്കി. ഒരു റീ-റിലീസ് ചിത്രത്തിന് തിയേറ്ററുകളില്‍ ഇത്രയധികം ജനക്കൂട്ടവും ഓപ്പണിങ് സെലിബ്രേഷനും ലഭിക്കുന്നത് മലയാളികള്‍ക്ക് അല്ലു അര്‍ജുനോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയും ഓര്‍ഗാനിക് ആയി രൂപപ്പെട്ട മറ്റൊരു ഫാന്‍-ഐഡന്റിറ്റി കാണാന്‍ പ്രയാസമാണ്. ഒരു വശത്ത് പുത്തന്‍ പാന്‍-ഇന്ത്യന്‍ റിലീസുകള്‍ വരുമ്പോഴും, മറുവശത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഡബ്ബിങ് ചിത്രത്തിന് ഇതേ അളവില്‍ വരവേല്‍പ്പ് നല്‍കാന്‍ അല്ലു അര്‍ജുന് മാത്രമേ സാധിക്കൂ എന്ന് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എ. കരുണാകരന്‍ സംവിധാനം ചെയ്ത ഈ ചിത്രം 2006-ല്‍ ആദ്യമായി കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ 150-ലധികം ദിവസങ്ങളാണ് തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. മലയാളി പ്രേക്ഷകര്‍ തങ്ങളുടെ കൗമാര-യൗവന കാലത്തെ പ്രണയ ഓര്‍മ്മകളെ പുതുക്കിക്കൊണ്ടാണ് ഈ ചിത്രത്തെ വീണ്ടും ബിഗ് സ്‌ക്രീനില്‍ വരവേല്‍ക്കുന്നത്. അല്ലു അര്‍ജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രത്തിലെ യുവന്‍ ശങ്കര്‍ രാജയുടെ പാട്ടുകള്‍ ഇന്നും സൂപ്പര്‍ഹിറ്റുകളായി തുടരുന്നു.