പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്ന കുരുപ്പ് കട്ടകള്‍ പാകുന്ന ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ഭാഗികമായി പാകിയ കുരുപ്പ് കട്ടകള്‍ മഴ പെയ്തുതുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കടുത്ത വഴുക്കലില്‍ പ്രായമായവരും കുട്ടികളുമടങ്ങുന്ന പലരും വഴുതിവീഴുന്നത് പതിവാണിവിടെ. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.
യാത്രക്കാരെ വെയിലും മഴയും ഏല്‍ക്കാതെ സംരക്ഷിക്കുന്നതിനായി റെയില്‍വേ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ആവശ്യമായ മേല്‍ക്കൂര ഷെല്‍ട്ടറുകള്‍ ഉടനടി സ്ഥാപിക്കുക,
കാലവര്‍ഷത്തിന് മുന്‍പായി പ്ലാറ്റ്ഫോമിലെ വഴുക്കലും മറ്റ് അപകടസാധ്യതകളും ഒഴിവാക്കാന്‍ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിപുലമായ അംഗത്വ വിതരണ കാമ്പയിന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ബേളൂര്‍, പി.വി. ഉദയകുമാര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് ഷിയാസ്, സി.കെ. കണ്ണന്‍, അഡ്വ. വിദ്യാധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ഫോണ്‍: 9947370620.