തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) തയ്യാറാക്കിയ നിര്‍ണ്ണായക റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍ ആഭ്യന്തര സെക്രട്ടറി വരുത്തിയ 14 ദിവസത്തെ കാലതാമസം വിവാദമായ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ തീരുമാനമെടുക്കുന്നത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും.
ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ ലംഘിക്കുന്നതായി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദിത്യവര്‍മ്മയുടെ അടുപ്പക്കാരായ ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടയ്ക്കല്‍ ഷൈജു, പദ്‌മേഷ് പരശുരാമന്‍, അശോക് എന്നിവര്‍ സുരക്ഷാ സ്‌ക്രീനിങ് പോലും കൂടാതെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതെന്നും പുറത്തിറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാന്‍ സ്ഥാനമാനങ്ങള്‍ നോക്കാതെ എല്ലാവര്‍ക്കും കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്യുന്നു.
ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വജ്രം പതിച്ച ‘വൈരനാമം’ ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മോഷണം പോയെന്നാണ് പൊലീസ് മേധാവിയുടെ കണ്ടെത്തല്‍. ആറുമാസം മുന്‍പ് പോളിഷ് ചെയ്യാന്‍ കൊണ്ടുപോയ വൈരനാമം ഇതുവരെ തിരികെ എത്തിച്ചിട്ടില്ല. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണത്തിലും കുറവുണ്ടെന്നും, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ചേരുന്ന ക്ഷേത്ര ഭരണസമിതി യോഗത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രധാന ചര്‍ച്ചാവിഷയമാകും. ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ ഭരണസമിതി ശക്തമായ ഇടപെടല്‍ നടത്തിയേക്കും. ഭരണതലത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ ഡിജിപിയുടെ കണ്ടെത്തലുകള്‍ എന്ത് നടപടികളിലേക്കാണ് നയിക്കുകയെന്നത് ഉറ്റുനോക്കപ്പെടുകയാണ്.