കോഴിക്കോട്: കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ അപകടകാരണം കണ്ടെത്താനാകാതെ അധികൃതര്‍. പ്രാഥമിക ഊഹങ്ങള്‍ക്ക് വിപരീതമായി, അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ വയറിങ്ങിന് തകരാറുകളോ ഇന്ധന ടാങ്കിന് ചോര്‍ച്ചയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാറിന്റെ പിറകുഭാഗത്ത് നിന്നാണ് തീ പടര്‍ന്നതെന്നാണ് നിലവിലെ കണ്ടെത്തല്‍. കൃത്യമായ കാരണം വ്യക്തമാകാത്ത സാഹചര്യത്തില്‍ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്.
ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പോയി ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. കാറിന്റെ പിന്‍സീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്.