വെള്ളറട: നിലമാംമൂടില് സൂപ്പര്മാര്ക്കറ്റ് ഉടമയെ മാരകായുധങ്ങളുമായി എത്തി ക്രൂരമായി മര്ദിച്ച കേസില് അച്ഛനും മകനും പൊലീസിന്റെ പിടിയിലായി. വെള്ളറട സ്വദേശികളായ സുനില്കുമാര് (39), മകന് സുജിന് (18) എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ സൂപ്പര്മാര്ക്കറ്റ് ഉടമ ദിപിന്കുമാര് നിലവില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9:40 ഓടെ ദിപിന്കുമാര് സ്ഥാപനം അടയ്ക്കാന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുന്പ് ആസൂത്രണം ചെയ്ത പ്രകാരം ആയുധങ്ങളുമായെത്തിയ ഇരുവരും ദിപിന്കുമാറിനെ ക്രൂരമായി മര്ദിക്കുകയായിരുന്നു. മര്ദനമേറ്റ ഉടമയുടെ പരാതിയില് കേസെടുത്ത പൊലീസ്, സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള് ശേഖരിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.