കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കടുത്ത വിയോജിപ്പുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും അര്‍ഹതപ്പെട്ട മുന്‍ഗണനയുള്ളവരെ തഴഞ്ഞാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. രമേശ് ചെന്നിത്തല തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി.ഡി. സതീശന് പുറമെ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണിച്ചിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് അനുകൂലമായിരുന്നുവെങ്കിലും, ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദ്ദവും അണികളുടെ താല്പര്യവും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് സതീശനെ ഭരണസാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു.