മലപ്പുറം വളാഞ്ചേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളെ പോലീസ് പിടികൂടി. ആതവനാട് സ്വദേശികളായ റഷീദ് (53), മുഹമ്മദ് ഷരീഫ് (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. പ്രദേശത്തെ ലഹരി വില്‍പ്പന ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വളാഞ്ചേരി എസ് ഐ നിര്‍മലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.