അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം,പ്രതി അറസ്റ്റില്‍:

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് എറിഞ്ഞ സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സോംനാഥ് ദാമോദര്‍ റോഡ്‌ഗെ (40) ആണ് അറസ്റ്റിലായത്. ഏഴുവയസ്സുകാരനായ ആര്യന്‍, അഞ്ചുവയസ്സുകാരനായ ശ്യാം എന്നിവരെയാണ് ഇയാള്‍ കനാലിലേക്ക് എറിഞ്ഞത്. കാണാതായ കുട്ടികള്‍ക്കായി പോലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിങ്കളാഴ്ച (നവംബര്‍ 16) രാത്രി മുതല്‍ കനാലില്‍ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.തിങ്കളാഴ്ച (നവംബര്‍ 16) വൈകുന്നേരമാണ് സംഭവം നടന്നത്. മധുരപലഹാരങ്ങള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ മക്കളെ സ്‌കൂട്ടറില്‍ കയറ്റി കനാല്‍ പരിസരത്തേക്ക് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. കനാലിലേക്ക് എറിയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ നിലവിളിക്കുകയും തങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി സമീപത്തുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ കര്‍ഷകര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കര്‍ഷകര്‍ക്കുനേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തശേഷം കുട്ടികളെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പച്ചോഡ് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *