കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത പോരാട്ടം

കേരളത്തിന്റെ ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ തീരുമാനിക്കുന്ന നിര്‍ണായകമായ വോട്ടെണ്ണല്‍ നടപടികള്‍ ഇന്ന് രാവിലെ എട്ടു മണിയോടെ ആരംഭിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസങ്ങള്‍ നീണ്ടുനിന്ന ആകാംക്ഷകള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉച്ചയോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പൂര്‍ണ്ണമായും വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഇതിനോടൊപ്പം നടക്കുന്നുണ്ട്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാല്‍, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കപ്പുറം നേരിയ ഭൂരിപക്ഷത്തോടെ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഫലം എങ്ങോട്ട് വേണമെങ്കിലും മറിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങള്‍ നിലവിലുണ്ടെന്നത് ഇത്തവണത്തെ മത്സരത്തെ അതീവ ആവേശകരമാക്കുന്നു. വരും മണിക്കൂറുകളില്‍ പുറത്തുവരുന്ന ഓരോ സൂചനയും കേരളത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *