മലാംകുന്ന് തല്ലാണി വയനാട്ടുകുലവന്‍ തറവാട് തെയ്യംകെട്ടിന് കൂവം അളന്നു

തെയ്യംകെട്ട് ഏപ്രില്‍ 16 മുതല്‍ 19 വരെ

പാലക്കുന്ന്: തറവാട് തിരുമുറ്റത്ത് കൂട്ടിയിട്ട നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് സമീപപ്രദേശങ്ങളിലെ ആരാധനാലയങ്ങളിലേക്ക് നിശ്ചിത അളവില്‍ നെല്ല് അളന്ന് മാറ്റിവെക്കുന്ന ചടങ്ങാണ് കൂവം അളക്കല്‍. തെയ്യംകെട്ടുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമേറിയ അനുഷ്ഠാനമാണിത്. തറവാടുകളില്‍ ഉത്സവ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നാട്ടിലെ പ്രമുഖമായ ദേവാലയങ്ങളെ മറന്നു പോകരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് കൂവം അളക്കല്‍ ചടങ്ങ്. പാലക്കുന്ന് കഴകം ചിറമ്മല്‍ പ്രാദേശിക സമിതിയുടെ പരിധിയില്‍ പെടുന്ന മലാംകുന്ന് തല്ലാണി തറവാട്ടില്‍ 16 മുതല്‍ 19 വരെ നടക്കുന്ന തെയ്യംകെട്ടിന് ശനിയാഴ്ച രാത്രി കൂവം അളന്നു. നെല്ലിന്‍ കൂമ്പാരത്തില്‍ ആചാര സ്ഥാനികരും ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ കാര്‍ണവരും മറ്റു ബന്ധപ്പെട്ടവരും മഞ്ഞള്‍പ്പൊടി വിതറി പാര്‍ഥിച്ച ശേഷം വിഷ്ണുമൂര്‍ത്തിയുടെ വെളിച്ചപ്പാടന്‍ അരവിന്ദന്‍ കാസര്‍കോടും തൊണ്ടച്ചന്റെ വെളിച്ചപ്പാടന്‍ ഗംഗാധരന്‍ നാരംബാടിയും അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുക്കുന്നോത്ത് കുട്ട്യന്‍ കാരണവര്‍ വാല്യക്കാരുടെ സഹായത്തോടെ വിവിധ ഇടങ്ങളിലേക്കുള്ള നെല്ല് അളന്നു കെട്ടുകളാകി മാറ്റിവെച്ചു.
കുണ്ടംകുഴി പഞ്ചലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാടിലേക്ക് 2 പറയും, കരിപ്പോടി വിഷ്ണുശാസ്ത, പനയാല്‍ മഹാലിംഗേശ്വര, ഉദയമംഗലം മഹാവിഷ്ണു, തിരുവക്കോളി പാര്‍ഥസാരഥി, അച്ചേരി മഹാവിഷ്ണു, അരവത്ത് സുബ്രഹ്‌മണ്യസ്വാമി, ബേക്കല്‍ കോട്ട ആഞ്ജനേയ, പൂച്ചക്കാട് മഹാവിഷ്ണു, മലാകുന്ന് ശാരദാംബ,
പാക്കത്തപ്പന്‍ മഹാദേവ, പാക്കം മഹാവിഷ്ണു, പൊയിനാച്ചി അയ്യപ്പ, ദേവന്‍പൊടിച്ചപാറ അര്‍ധനാരീശ്വര ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും
രണ്ട് കൈവീതുകള്‍ക്കായി രണ്ട് പറ വീതവും അനുബന്ധിച്ച ചടങ്ങുകള്‍ക്കായി ഏഴുപറ വീതം പച്ചരിയും പുഴുങ്ങലരിയും അളന്നു.
പാലക്കുന്ന് ഭഗവതി ക്ഷേത്രം അടക്കം വിവിധ ആരാധനാലയങ്ങളില്‍ ദീപത്തിന് എണ്ണയും നല്‍കും. കൂവം
അളന്നു മാറ്റിവെച്ച നെല്ല് അതത് ഇടങ്ങളില്‍ വൈകാതെ എത്തിക്കുമെന്നും ചടങ്ങില്‍ എത്തിയ മൂവായിരത്തിലേറെ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി എന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി. എച്ച് നാരായണന്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *