ദൂരെ നിന്ന് ബാങ്ക് വിളി കേള്‍ക്കാം പുത്തന്‍ ഉപകരണം വികസിപ്പിച്ച് പി.എം അമീറുദ്ദീന്‍ രാജപുരം

രാജപുരം:കിലോമീറ്ററുകള്‍ ദൂരെയുള്ള ജോലിസ്ഥലത്തിരുന്നും പള്ളിയിലെ ബാങ്ക് വിളിയും പ്രാര്‍ത്ഥനകളും വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് രാജപുരത്തെ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായ പി എം അമീറുദ്ദീന്‍. രാജപുരം സ്വദേശിയായ ഇദ്ദേഹം റമസാന്‍ മാസത്തില്‍ പള്ളിയിലെ ബാങ്ക് വിളിതന്റെ ജോലിസ്ഥലത്തിരുന്ന് കേള്‍ക്കുന്നതിനു വേണ്ടിയാണ് ഈ നൂതന സംവിധാനം ഒരുക്കിയത്.

നിലവില്‍ പുഞ്ചക്കരയിലെ മസ്ജിദുല്‍ ഹുദയിലാണ് ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. പള്ളിയില്‍ ബാങ്ക് വിളിക്കാനായി വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുന്ന നിമിഷം, ഈ ഉപകരണം ഓട്ടോ ഡയല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് കോള്‍ അയക്കുന്നു. ഈ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിലൂടെ ബാങ്ക് വിളിയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളും എവിടെയിരുന്നും തത്സമയം കേള്‍ക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കുചേരാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

നേരത്തെ, ഫോണിലെ ഓട്ടോ ആക്സസ് മോഡ് ഉപയോഗിച്ച് വിദേശത്തുള്ളവര്‍ക്ക് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനുള്ള സൗകര്യവും അമീറുദ്ദീന്‍ ഒരുക്കിയിരുന്നു. നിലവില്‍ ഒരു നമ്പറിലേക്ക് മാത്രമാണ് ഈ ഉപകരണം വഴി കോള്‍ ലഭിക്കുന്നത്. എന്നാല്‍, ഒന്നിലധികം ഫോണുകളിലേക്ക് ഒരേസമയം കണക്റ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ ഉപകരണം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അമീറുദ്ദീന്‍ .

Leave a Reply

Your email address will not be published. Required fields are marked *