പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം; ബോധവല്‍ക്കരണ സെമിനാര്‍ നടന്നു

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം 1989 മായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സെമിനാര്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി നിയമം പാസാക്കി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും നിയമം പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എ.ഡി.എം പി.അഖില്‍ പറഞ്ഞു. സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കേണ്ടതുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സംരക്ഷണത്തിനായി ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ ഉണ്ടെന്നും ഇതില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രമോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും എ.ഡി.എം പറഞ്ഞു.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് പി മിനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് മുഖ്യാതിഥിയായി. ജില്ലാ എസ്.എം.എസ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എ.യു ദിവാകരനും നിയമ വിദഗ്ധന്‍ ടി.വി മദനനും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.ശ്രീരാമന്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ കെ.ബിന്ദു, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ധര്‍മ്മപാല , എന്‍ഡോസള്‍ഫന്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി.രാഘവന്‍, പരപ്പ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.ബി ബഷീര്‍ സ്വാഗതവും ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷൈജാലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *