പുല്ലൂര്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 10 11 12 തീയതികളില്‍ ആയി നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായ കൂവം അളക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാര സ്ഥാനികരും ക്ഷേത്ര നടത്തിപ്പുകാരും തറവാട്ടുകാരും ആഘോഷ കമ്മിറ്റി ഭാരവാഹികളും അടക്കം വലിയൊരു പുരുഷാരത്തിന്റെ സാന്നിധ്യത്തില്‍ വെളിച്ചപ്പാടുകളുടെ അനുബന്ധ അനുഷ്ഠാനമായ ആചാര ക്രമങ്ങളോടെയാണ് കൂവം അളക്കല്‍ ചടങ്ങ് നടന്നത്. തിരുമുറ്റത്ത് കൂട്ടിയിട്ട് നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ കുഞ്ഞമ്പു താളിക്കുണ്ടാണ് വാല്ല്യക്കാരുടെ സഹായത്തോടെ കൂവം അളന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കോട്ടപ്പാറ കുഞ്ഞിക്കോരച്ചന്‍ തറവാട്,മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം, മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം,അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം, ഇളയിടത്ത് കുതിര് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കിഴക്കുംകര എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴിയും മറ്റ് ദേവ സ്ഥാനങ്ങളിലേക്ക് 11 ഇടങ്ങഴിയുമാണ് കൂവം അളന്നത്. തെയ്യംകെട്ടിന് 3 കൈവീതു കള്‍ക്കായി 21 ഇടങ്ങഴി വീതവും കൂവം കുത്താന്‍ ഏഴ് പറയും പച്ചരിക്കായി ഏഴ് പറയും അളന്നു. തറവാട്ടില്‍ മഹോത്സവം നടക്കുമ്പോള്‍ സമീപത്തെ ആരാധന ആലയങ്ങളിലെ ദേവതാ സങ്കല്‍പ്പങ്ങളെ മറന്നുപോകരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് കൂവം അ ളക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങും ക്ഷേത്ര സന്നിധിയില്‍ നടന്നു. അളന്ന് തിട്ടപ്പെടുത്തി ചാക്കുകളില്‍ നിറച്ച് കൂവം അളന്ന നെല്ല് ഏറെ വൈകാതെ തന്നെ അതത് ദേവസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ പറഞ്ഞു. കൂടാതെ മഹോത്സവ വിജയത്തിനായി ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് മാര്‍ച്ച് എട്ടിന് നടക്കും.