രാവണീശ്വരം: മാക്കി ശ്രീ വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവം ജനുവരി 30,31 തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ചുള്ള നാള്‍ മരം മുറിക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര സ്ഥാനികരുടെയും വെളിച്ചപ്പാടന്മാരുടെയും കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്ഷേത്രത്തിലുള്ള കൂട്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം മഹോത്സവത്തിനുള്ള നാള്‍മരത്തിനായുള്ള പ്ലാവ് മരം കണ്ടെത്തിയ രാവണേശ്വരം പെരുംതൃക്കോവില പ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള പ്രശാന്തി നിലയത്തിലെ എ. രാമചന്ദ്രന്റെ വളപ്പിലെത്തി ആചാര വിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക് ശേഷം നാള്‍ മരത്തിനായുള്ള പ്ലാവുമരം മുറിച്ചെടുത്തു. തുടര്‍ന്ന് ഹരിനാമ സങ്കീര്‍ത്തന വിളികളോടെ മുറിച്ചെടുത്ത മരവും ചില്ലകളും ഘോഷയാത്രയായി ഒറ്റക്കോല മഹോത്സവം നടക്കുന്ന മാക്കി വിഷ്ണു ദേവസ്ഥാന സന്നിധിയില്‍ എത്തിച്ചു. ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 30ന് വൈകീട്ട് ദീപവും തിരിയും എഴുന്നള്ളത്തും തുടര്‍ന്ന് മേലേരിക്ക് തീ കൊളുത്തലും രാത്രി 8 മണിക്ക് മാതൃ സമിതിയുടെ കൈകൊട്ടിക്കളിയും അരങ്ങേറും. രാത്രി 9 ന് ചുരിക കാസര്‍ഗോഡ് അവതരിപ്പിക്കുന്ന കനലാട്ടം പരിപാടി നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം അരങ്ങില്‍ എത്തും. ജനുവരി 31ന് പുലര്‍ച്ചെ മൂന്നുമണിക്ക് വിഷ്ണു മൂര്‍ത്തിയുടെ അഗ്‌നി പ്രവേശനവും 4. 30ന് മാരി ക്കളത്തേക്കുള്ള പുറപ്പാടും 5.30ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടും തുടര്‍ന്ന് അന്നദാനവും നടക്കും. പത്തുമണിക്ക് വിളക്കിലരിയോടെ ഒറ്റക്കോല മഹോത്സവത്തിന് സമാപനമാകും. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാജന്‍ മക്കാകോട്ട്, സെക്രട്ടറി ടി. എ. അജയകുമാര്‍, ട്രഷറര്‍ വേണു അത്തിക്കല്‍ , ടി അജയകുമാര്‍ രതീഷ് പാടിക്കാനം, രാജന്‍ ചോനാട്ട്, ബാബു പള്ളത്തിങ്കാല്‍ എന്നിവര്‍ നാള്‍ മരം മുറിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി..