രാജപുരം: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം കാസര്‍ഗോഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് കാസറഗോഡ്, കുടുംബാരോഗ്യ കേന്ദ്രം പാണത്തൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ മുഖ്യതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍ ദിനാചരണ സന്ദേശം നല്‍കി. പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ബി രതീഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ജെ ജെയിംസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ അജിത്ത്, വാര്‍ഡ് മെമ്പര്‍മാരായ എം ഷിബു, എന്‍ വിന്‍സെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്, ജില്ലാ പാലിയേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വോളന്റിയര്‍ സംഗമം, സന്നദ്ധ സംഘടനകളെ ആദരിക്കല്‍, ബോധവത്കരണ സെമിനാര്‍ എന്നീ പരിപാടികള്‍ നടന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍ ബോധവത്കരണ സെമിനാര്‍ നയിച്ചു. ‘സാര്‍വത്രിക പാലിയേറ്റിവ് പരിചരണം അയല്‍പക്ക കൂട്ടായ്മകളിലൂടെ’ എന്ന സന്ദേശമാണ് പാലിയേറ്റീവ് കെയര്‍ ദിനം മുന്നോട്ട് വെക്കുന്നത്. കിടപ്പിലായ മുഴുവന്‍ രോഗികള്‍ക്കും പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരെ ലിങ്ക് ചെയ്ത കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് പനത്തടി ഗ്രാമപഞ്ചായത്ത്.
പാലിയേറ്റിവ് കെയറിന്റെ ഭാഗമായി ആകെ 14362 രോഗികള്‍ ആണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 6224 ക്യാന്‍സര്‍ രോഗികള്‍, 1200 ക്രോണിക് വൃക്ക രോഗികള്‍, ഡ്രസിങ് ആവശ്യമായ 295 രോഗികള്‍, ട്യൂബ് ഫീഡിങ് ആയുള്ള 88 രോഗികള്‍, കൊളോസ്റ്റമി ചെയ്ത 173 രോഗികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാ മാസവും 822 ഹോം കെയറുകളിലായി 7659 രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നു. കൂടാതെ എല്ലാ മാസവും അഞ്ഞൂറോളം രോഗികള്‍ക്ക് ഫിസിയോതെറാപ്പി സേവനവും, സെക്കന്‍ഡറി ഹോം കെയര്‍ വിസിറ്റിന്റെ ഭാഗമായി ആയിരത്തോളം രോഗികള്‍ക്ക് പരിചരണവും നല്‍കി വരുന്നുണ്ട്. കൂടാതെ ആയുര്‍വേദ, ഹോമിയോ അലോപ്പതി, ഹോം കെയറുകളിലായി ഏതാണ്ട് 500 ഓളം രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നു. കേരള ഗവണ്‍മെന്റിന്റെ സാമൂഹിക സന്നദ്ധ സേന പോര്‍ട്ടല്‍ വഴി കാസറഗോഡ് ജില്ലയില്‍ 2397 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 400 ഓളം ആളുകള്‍ കേരള ഗവണ്‍മെന്റിന്റെ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് വഴി മൂന്നു ദിവസത്തെ പരിശീലനം നേടിയിട്ടുണ്ട്. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.