രാജപുരം: കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍,പനത്തടി, കോടോം ബേളൂര്‍ ഉള്‍പ്പെടെ ഉള്ള മലയോരത്തെ സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനങ്ങളും, ലാബ് ടെക്‌നീഷ്യന്‍മാരുടെ കുറവും നികത്തി ജനങ്ങള്‍ക്കായി മുഴുവന്‍ സമയവും സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൂടംകല്ല് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ത്തലാക്കിയത് ആരോഗ്യ വകുപ്പ് ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും, ഉത്തരവാദിത്വം നിറവേറ്റേണ്ട ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളോട് നീതി പുലര്‍ത്തണമെന്നും, ധാര്‍മികതയുടെ പേരില്‍ ആരോഗ്യ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം ബിന്‍സി ജെയിന്‍ ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി സി തോമസ് അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യാ പി, രേഖ സി, മുന്‍ പഞ്ചായത്തംഗം കെ ഗോപി,ബി അബ്ദുള്ള, പി എ ആലി, ബേബി ഏറ്റിയാപ്പിള്ളില്‍, സന്തോഷ് വി ചാക്കോ എന്നിവര്‍ സംസാരിച്ചു.