പാലക്കുന്ന്: മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സഹോദരങ്ങളുടെ മക്കള്‍ക്ക്. ലോകയിലെ പ്രതികാരദാഹിയായ നീലിയായി റിഷിക രാകേഷ് ഒന്നാം സ്ഥാനവും റാം ആനന്ദി നോവലിലെ മല്ലി എന്ന ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രമായി അനന്ദിത സുഭാഷ് രണ്ടാം സ്ഥാനവും നേടിയാണ് തിളങ്ങിയത്.
ബേക്കല്‍ മലാംകുന്നിലെ രാകേഷ് നാരായണന്റെയും സുസ്മിതാ രാകേഷിന്റെയും മകളാണ് ബാര ഗവ.ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ റിഷിക. ബാര മുക്കുന്നോത്തെ സുഭാഷ്‌കുമാരന്റെയും ബി. ജി.ബിന്‍ഷയുടെയും മകളാണ് പരവനടുക്കത്തെ ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അനന്ദിത.
നൃത്തത്തോടുള്ള അര്‍പ്പണബോധവും ചിട്ടയായ പരിശീലനവുമാണ് ഇവരെ വിജയികളാക്കിയത്. അരുണ്‍ നമ്പിലത്ത് റിഷികയുടെയും പ്രജീഷ് കര്‍മ, ജിനീഷ എന്നിവര്‍ അനന്ദിതയുടെ ഗുരുക്കളായിരുന്നു. രണ്ടുപേരും 14 ന് തൃശൂരില്‍ തുടങ്ങുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.