പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യം 6ന് നടക്കും. മകരമാസത്തിലെ കലം കനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി ഒരു മാസം മുന്‍പേ നടക്കുന്ന ചെറിയ കലംകനിപ്പ് നിവേദ്യമാണ് ചൊവ്വാഴ്ച്ച നടക്കുന്നത്. സമര്‍പ്പണങ്ങള്‍ സമാന രീതിയിലാണെങ്കിലും മകരമാസത്തിലെ കലംകനിപ്പ് മഹാനിവേദ്യമെന്നാണ് അറിയപ്പെടുന്നത്. നാളെ രാവിലെ 10 നകം പണ്ടാരക്കലം ആദ്യം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെയായിരിക്കും തുടര്‍ സമര്‍പ്പണങ്ങള്‍. പ്രദക്ഷിണം പൂര്‍ത്തിയാക്കി കലങ്ങള്‍ സമര്‍പ്പിച്ച ശേഷം മഞ്ഞള്‍ കുറി പ്രസാദം സ്വീകരിക്കും. ‘മങ്ങണ’ പാത്രത്തില്‍ മാങ്ങ അച്ചാറ് ചേര്‍ത്ത ഉണക്കലരി കഞ്ഞി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിളമ്പി കൊടുക്കും. കലങ്ങളിലെ ഉണക്കലരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിടക്ക, കുരുത്തോല എന്നിവ വാല്യക്കാര്‍ വേര്‍തിരിക്കും. കുരുത്തോല മെടഞ്ഞെടുത്ത് അതില്‍ സ്വാദിഷ്ടമായ അടകള്‍ ചുട്ടെടുക്കും. സ്ഥാനികരുടെ സാന്നിധ്യത്തിലായിരിക്കും അടയുണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുക.ചുറ്റമ്പലത്തില്‍ നിരത്തി വെച്ച കലങ്ങളില്‍ പാകം ചെയ്ത ചോറ് നിറയ് ക്കും. സന്ധ്യയ്ക്ക് ശേഷം കലശം ആടിയ ശേഷം കലങ്ങള്‍ ഏറ്റുവാങ്ങി സ്ത്രീകള്‍ വീടുകളിലേക്ക് യാത്രതിരിക്കുന്നതോടെ ചെറിയ കലം കനിപ്പ് സമാപിക്കും. ഫെബ്രുവരി 6 നാണ് ക്ഷേത്രത്തില്‍ വലിയ കലംകനിപ്പ് മഹാനിവേദ്യം നടക്കുക.
മണ്‍പാത്ര വില്‍പ്പന
കലം കനിപ്പിനായി എരിക്കുളത്ത് നിന്ന് പതിവുപോലെ മണ്‍ കലങ്ങള്‍ പാലക്കുന്നില്‍ വില്പനക്ക് എത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കലങ്ങളാണ് ഈ സീസനില്‍ ഇവിടെ വിറ്റഴിയുന്നത്. പാലക്കുന്നിലും പരിസര പ്രദേശങ്ങളിലും കലം വില്‍ക്കുന്ന ഇടങ്ങള്‍ ധനു, മകരമാസങ്ങളില്‍ സജീവമാകും. 130 മുതല്‍ 150 രൂപ വരെയാണ് ഒരു കലത്തിന്റെ ഇപ്പോഴത്തെ വില.