സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും ലക്ഷ്യമാക്കി സവിശേഷ – ‘കാര്‍ണിവല്‍ ഓഫ് ദ ഡിഫറന്റ്’ എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ് ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സര്‍ഗ്ഗോത്സവം സഘടിപ്പിക്കുന്നു. ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍, ഈ മേഖലയിലെ ദേശീയ, അന്തര്‍ദേശീയ വീക്ഷണങ്ങള്‍, അസിസ്റ്റീവ് ടെക്‌നോളജി പ്രദര്‍ശനങ്ങള്‍, കലാ-കായിക പരിപാടികള്‍, തൊഴില്‍മേള, നൈപുണ്യ വികസന ശില്പശാല, ഇന്‍ക്ലൂസീവ് ചലചിത്രോത്സവം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു.
പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ‘ടാലന്റ് ഫെസ്റ്റി’ല്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൊതുവിദ്യാലയങ്ങള്‍, കോളേജുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ മുതലായ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗത്തിലും പെട്ട ഭിന്നശേഷി വ്യക്തികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ജനുവരി ഏഴിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും തയ്യാറാക്കിയ ഗൂഗിള്‍ ഫോം വഴിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ 3 മിനുറ്റില്‍ കുറയാത്ത ഫുള്‍ കോസ്റ്റുമോട് കൂടിയ വീഡിയോ മത്സരാര്‍ത്ഥികളുടെ ഭിന്നശേഷി, പ്രായം എന്നിവ തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ talentfestksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം.
ലളിത ഗാനം, ശാസ്ത്രീയ സംഗീതം,സിനിമാ ഗാനം എന്ന ഇനം വ്യക്തിഗതമായും തിരുവാതിര,മാര്‍ഗ്ഗംകളി,ഒപ്പന,മറ്റു പരമ്പരാഗത നൃത്തം എന്ന ഇനം ഗ്രൂപ്പായുമാണ് അവതരിപ്പിക്കേണ്ടത്. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ്, സ്‌കിറ്റ്,മൈം, ജില്ലയുടെ തനത് കലാരൂപം, പ്രത്യേക കലാപ്രകടനം എന്നീ ഇനങ്ങള്‍ ഗ്രൂപ്പായോ വ്യക്തിഗതമായോ അവതരിപ്പിക്കാവുന്നതാണ്. ലഭിച്ച അപേക്ഷകളില്‍ നിന്നും ഓരോ ഇനത്തിലും മികച്ചതായി കണ്ടെത്തുന്ന ഒരു പരിപാടി മാത്രമായിരിക്കും തിരുവനന്തപുരത്ത് അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുക്കുന്നത്. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലത്തിലും പൊതു വേദികളിലും മികച്ച പ്രകടനം നടത്തി അംഗീകാരം നേടിയിട്ടുളളവര്‍ക്ക് ബന്ധപ്പെട്ട ഇനങ്ങളില്‍ മുന്‍ഗണന നല്‍കും. ഒരു മത്സരാര്‍ത്ഥിയ്ക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. ഫോണ്‍ – 04994255074, 9497580229.ഇ-മെയില്‍ – talentfestksd@gmail.com.