പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവത്തി ന്റെ ഭാഗമായി തേങ്ങയേറ് നടന്നു. അനുഷ്ഠാനത്തിന് ആവേശം പകര്‍ന്ന തേങ്ങയേറ് കാണാന്‍ നൂറു കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി. വിശ്വാസത്തിന്റെയും നേര്‍ച്ചയുടെയും ഭാഗമായി നടത്തുന്ന ചടങ്ങ് തൃക്കണ്ണാടപ്പന്റെ കാല്‍ കുളിര്‍പ്പിക്കാനാണെന്ന് സങ്കല്പം. കല്ലില്‍ എറിയുന്ന തേങ്ങയുടെ എണ്ണത്തില്‍ നിബന്ധനകള്‍ ഇല്ലെങ്കിലും 25 ല്‍ കുറയാത്ത എണ്ണം തേങ്ങകള്‍ തേങ്ങോല കൊട്ടയില്‍ നേരത്തേ ക്ഷേത്രത്തിലെത്തിക്കും. എറിയുന്ന തേങ്ങയില്‍ ഒന്നെങ്കിലും കല്ലില്‍ തൊടാതെ പോയാല്‍ അടുത്ത വര്‍ഷവും നേര്‍ച്ച തുടരണമെന്നാണ് പഴമക്കാര്‍ പറയുന്നത്. തേങ്ങാകല്ലിന് ചുറ്റും കെട്ടിയ വടത്തിനകത്ത് വീഴുന്ന തേങ്ങാ കഷണങ്ങള്‍ ചടങ്ങ് തീരുംവരെ ആരും എടുക്കില്ലെങ്കിലും പുറത്ത് വീഴുന്നവ മിടുക്ക് കാട്ടി ആര്‍ക്കും സ്വന്തമാക്കാം. ചടങ്ങ് പൂര്‍ത്തിയായാല്‍ തേങ്ങാമുറികള്‍ വടത്തില്‍ കയറി ഭക്തന്മാര്‍ സ്വന്തമാക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി തേങ്ങയെറിയുന്ന പാക്കത്തെ അപ്പക്കുഞ്ഞി വെളിച്ചപ്പാടനും ഉദുമ വലിയ വളപ്പില്‍ കൊട്ടന്‍കുഞ്ഞിയുമാണ് തേങ്ങ എറിഞ്ഞവരില്‍ മൂപ്പര്‍. കബഡി താരവും പരിശീലനം പൂര്‍ത്തിയാക്കി കപ്പല്‍ ജോലിക്കായി കാത്തിരിക്കുന്ന തെക്കേക്കര കുണ്ടിലെ സായിശരത്തായിരുന്നു ഇത്തവണ തേങ്ങയെറിയാനെത്തിയ കന്നിക്കാരന്‍. മറുപുത്തരിയുടെ ഭാഗമായി കലശം എഴുന്നള്ളത്തും താലപ്പൊലി സമര്‍പ്പണവും അനുബന്ധ ചടങ്ങുകളും രാവിലെ പൂര്‍ത്തിയാക്കി. വൈകീട്ട് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന
രണ്ടാമത്തെ ഉത്സവം സമാപിച്ചു.