ബേക്കല്‍ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി സാംസ്‌കാരിക സായാഹനത്തിന് തുടക്കമായി. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാര്‍ നിര്‍വഹിച്ചു. പ്രേമ സല്ലാപം പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും എന്ന വിഷയത്തിലൂന്നിയാണ് പ്രഭാഷണം നടത്തിയത്. സംഘാടക സമിതി എക്‌സിക്യൂട്ടീവ് മെമ്പര്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. സാംസ്‌കാരിക സമിതി കണ്‍വീനര്‍ അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞബു ഡിസംബര്‍ 20 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ പരിപാടികള്‍ വിശദീകരിച്ചു. ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വിവിധ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നാളെ ഡിസംബര്‍ 22 ന് മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം പ്രഭാഷണം നടത്തും.