പൊതു ഇടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വനിതാ കമ്മീഷന്‍ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ തല അദാലത്തില്‍ പരാതി കേട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇതിനു മുന്നോടിയായി പ്രശ്‌നങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജനുവരി മുതല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും അതിക്രമവും തടയുന്നതിന് യാത്ര വേളകളിലും തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും പി കുഞ്ഞായിഷ പറഞ്ഞു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ഇടപെടുന്നത് തടയുക, തുല്യത നടത്തിവരുന്നത് തടയുക, ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുന്നത് തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അരാജകത്വ ശക്തികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അടക്കം സ്ത്രീകളെ കുറ്റക്കാരായി ചിത്രീകരിക്കുന്നു. നിയമപരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ സാങ്കേതിക കാര്യങ്ങളില്‍ പഴുതുകള്‍ കാരണം രക്ഷപ്പെടുന്നു. ഇത്തരം പ്രവണതകളെ പ്രതിരോധിക്കണമെന്നും അവര്‍ പറഞ്ഞു.
പൊതു ഇടങ്ങളില്‍ ശൗചാലയങ്ങളുടെ പരിമിതികള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പി കുഞ്ഞായിഷ പറഞ്ഞു.
സാമ്പത്തിക വിഷയങ്ങള്‍, വിവാഹ വാഗ്ദാനം ചെയ്തുള്ള ചൂഷണം, വിവാഹേതര ബന്ധങ്ങള്‍ വഴി തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 37 പരാതികളാണ് അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം കേട്ടത്. ഇതില്‍ ഏഴു പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. അഞ്ചു പരാതികളില്‍ പോലീസിന്റെയും മൂന്ന് പരാതികളില്‍ ജാഗ്രത സമിതിയുടെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു കേസ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. പുതിയൊരു പരാതി കൂടി അദാലത്തില്‍ ലഭിച്ചു. 21 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അഡ്വക്കേറ്റ് എം ഇന്ദിരാവതി, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സുപ്രണ്ട് ഉത്തംദാസ്,കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം വി ശരണ്യ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ വി ചന്ദ്രിക എന്നിവര്‍ പങ്കെടുത്തു.