തെരുവ് നായ്ക്കളുടെ കടിയേറ്റാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാതല പരാതി പരിഹാര സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

ഇതുസംബന്ധിച്ച ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് (LSGD) പുറത്തിറക്കി. ഓരോ ജില്ലയിലും Stray Dog Victim Compensation Recommendation Committee (SDVCRC) രൂപീകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

സ്‌കൂള്‍-മദ്രസ്സ വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, വഴിയാത്രക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള തെരുവ് നായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ (CPT) ചെയര്‍മാന്‍ സി.കെ. നാസര്‍ (കാഞ്ഞങ്ങാട്) മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.

GO നമ്പര്‍ (LSGD-RC1/3/2025-LSGD) പ്രകാരം, തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുന്നതിന് ജില്ലാതല സമിതി പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ / ചെയര്‍പേഴ്സണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, പോലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും.
സംസ്ഥാനത്ത് ഭ്രാന്തന്‍ നായയുടെ കടിയേറ്റ് നിരവധി പേര്‍ മരിച്ച സംഭവങ്ങളും, ചില സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്ത റാബിസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവും CPT മുമ്പേ ഉന്നയിച്ചിരുന്നു. വാക്‌സിനുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സംഘടന നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന CPT-യ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍, സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാര സമിതി രൂപീകരിച്ചതായി സ്ഥിരീകരിച്ചത്. ഇനി മുതല്‍ തെരുവ് നായ ആക്രമണത്തില്‍ ഇരയാകുന്നവര്‍ക്ക് നിയമപരമായി നഷ്ടപരിഹാരം തേടാന്‍ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *