ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക ചലച്ചിത്രം ‘ബോംബെ’ പുറത്തിറങ്ങി 30 വര്‍ഷം തികയുമ്പോള്‍, ചിത്രത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ തേടി സംവിധായകന്‍ മണിരത്‌നവും നായിക മനീഷ കൊയ്രാളയും ഛായഗ്രാഹകന്‍ രാജീവ് മേനോനും ബേക്കല്‍ കോട്ടയിലെത്തി. സിനിമയിലെ വിഖ്യാതമായ ‘ഉയിരെ’ എന്ന ഗാനം ചിത്രീകരിച്ച ബേക്കലിന്റെ മണ്ണില്‍ വെച്ച് അവര്‍ തന്റെ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചു.
തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരിക്കല്‍ കൂടി പ്രിയപ്പെട്ട സിനിമയുടെ മനോഹരമായ ലൊക്കേഷനിലേക്ക് എത്തിച്ചേര്‍ന്നതിന്റെ സന്തോഷം മനീഷ കൊയ്രാള പങ്കുവച്ചു. മനീഷ കൊയ്രാള എന്ന നടിയെ ജനമനസ്സുകളിലേക്ക് അടയാളപ്പെടുത്തിയ സിനിമയും ഗാനവും കൂടിയാണ് ‘ബോംബെ’ എന്ന് അവര്‍ പറഞ്ഞു.
ഈ മനോഹരമായ ലൊക്കേഷന്‍ തനിക്ക് പരിചയപ്പെടുത്തിയ രാജീവ് മേനോനോട് നന്ദി പറഞ്ഞുകൊണ്ടാണ് മണിരത്‌നം സംസാരിച്ചുതുടങ്ങിയത്. ‘ 30 വര്‍ഷത്തിനിടയില്‍ ബേക്കല്‍ കോട്ടയും പരിസരങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മാറിപ്പോയിരിക്കുന്നു. എങ്കിലും ഇവിടുത്തെ ആ പഴയ വികാരത്തിനും സന്തോഷത്തിനും ഒട്ടും മാറ്റമില്ല,’ അദ്ദേഹം പറഞ്ഞു. കേരളം സിനിമാ ചിത്രീകരണത്തിന് അത്രമേല്‍ അനുയോജ്യമായ ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബോംബെ’ എന്ന അവിസ്മരണീയ സിനിമ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത് ‘ഉയിരെ’ എന്ന ഗാനത്തിലൂടെയാണെന്ന് മണിരത്‌നം പറഞ്ഞു. ‘ബേക്കലിന്റെ പ്രകൃതിഭംഗിയും അവിടുത്തെ കാലാവസ്ഥയും എ.ആര്‍. റഹ്‌മാന്റെ സംഗീതവും ആ മഴക്കാലവും ചേര്‍ന്നപ്പോഴാണ് ‘ഉയിരെ’ എന്ന ഗാനത്തിന് ആ മാന്ത്രികത ലഭിച്ചത്. ആ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനെയും റഹ്‌മാനെയും ഈ അവസരത്തില്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു,’ ചിത്രീകരണ സമയത്തെ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന് പ്രശംസ
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മണിരത്‌നവും മനീഷ കൊയ്രാളയും രാജീവ് മേനോനും പ്രത്യേകം അഭിനന്ദിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബേക്കല്‍കോട്ടയിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കിയ കേരള സര്‍ക്കാരിന് മൂവരും നന്ദി അറിയിച്ചു. കേരളത്തിന്റെ മനോഹാരിത ഇനിയും ഒരുപാട് സിനിമകളിലൂടെ ലോകം കാണട്ടെ എന്ന് ഛായഗ്രാഹകന്‍ രാജീവ് മേനോന്‍ ആശംസിച്ചു. കേരളത്തിലെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനങ്ങളെയും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
‘ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച ഇടമായ ബേക്കല്‍ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനി-ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള ടൂറിസം വകുപ്പും സംയുക്തമായി ബേക്കല്‍ കോട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും.