കെഎസ്ആര്‍ടിസി പ്രതിദിന വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. 2025 ഡിസംബര്‍ 15-ന് ടിക്കറ്റ് ഇനത്തില്‍ മാത്രം 10.77 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപ കൂടി ചേര്‍ത്തപ്പോള്‍ ആകെ വരുമാനം 11.53 കോടി രൂപയായി ഉയര്‍ന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കെഎസ്ആര്‍ടിസി ഈ വലിയ നേട്ടം കൈവരിച്ചത്.
മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ കാലോചിതമായ പരിഷ്‌കാരങ്ങളും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ പ്രവര്‍ത്തനങ്ങളുമാണ് ഈ മുന്നേറ്റത്തിന് നിര്‍ണായകമായത്. പുതിയ ബസുകളുടെ വരവും, സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വലിയ സ്വീകാര്യത നേടി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലായിക്കഴിഞ്ഞു. വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിശ്ചയിച്ച ടാര്‍ജറ്റ് നേടുന്നതിന് ഡിപ്പോകള്‍ തമ്മില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും, പരമാവധി ബസുകള്‍ നിരത്തിലിറക്കിയതും നേട്ടം വര്‍ദ്ധിപ്പിച്ചു. ഈ തുടര്‍ച്ചയായ വിജയത്തിന് സിഎംഡി ഡോ. പ്രമോജ് ശങ്കറിനും മാനേജ്‌മെന്റിനും എല്ലാ വിഭാഗം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.