അട്ടേങ്ങാനം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരമുള്ള പൂര്‍ണ ഹരിത ചട്ടം പാലിച്ചു കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയായി. 21 വാര്‍ഡുകളിലായി 42 ബൂത്തുകളാണ് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. മുഴുവന്‍ ബൂത്തുകളും ഹരിതബൂത്തുകള്‍ ആക്കിമാറ്റി. പൂര്‍ണമായും മാലിന്യമുകതമാക്കിയാണ് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍മാരോടും പൂര്‍ണമായും ഹരിതചട്ടം പാലിച്ചു മാത്രമേ നടത്താവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍ നിന്നും നല്‍കിയിരുന്നു.അതിനാല്‍ തന്നെ തലേദിവസം രാവിലെ മുതല്‍ തന്നെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ മുഴുവന്‍ ബൂത്തുകളും കുരുത്തോല തോരണങ്ങളാളും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടും അലങ്കരിച്ചു. മുഴുവന്‍ ബൂത്തുകളിലും മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ ഓല കൂടകള്‍ സ്ഥാപിച്ചു.
അതിനാല്‍ തന്നെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അടക്കമുള്ള വസ്തുക്കള്‍ ഒന്നും ബൂത്തില്‍ കൊണ്ടുവരാന്‍ ആരും മുതിര്‍ന്നില്ല. ജനങ്ങളുടെ പൂര്‍ണസഹകരണമാണ് ഹരിതഇലക്ഷന് ലഭിച്ചത്.മുഴുവന്‍ ജീവക്കാര്‍ക്കുമുള്ള ഭക്ഷണങ്ങള്‍ പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പൂര്‍ണ ഹരിതചട്ടം പാലിച്ചുതന്നെ തയ്യാറാക്കി നല്‍കി.നിലവിലെ മെമ്പര്‍മാരും പുതിയ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും, നാട്ടുകാരില്‍ പലരും ജനങ്ങള്‍ക് ഹരിതപ്രോട്ടോകോള്‍,ഹരിത ഇലക്ഷന്‍, മലിന്യമുക്ത സന്ദേശങ്ങള്‍ വീഡിയോ ക്ലിപ്പിലൂടെ ജനങ്ങള്‍ക് നല്‍കിയത് വേറിട്ട അനുഭവമായി. ഹരിതകര്‍മസേന വിഭാഗത്തിന്റെ മാതൃകപരമായ ഇടപെടലില്‍ കൂടി സമൂഹത്തെ മാലിന്യമുക്തമാക്കി എത്രത്തോളം വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും എന്ന് തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് കൂടിയായി മാറി ഈ തെരഞ്ഞെടുപ്പ്.