ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ബീച്ച് റണ്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കാസര്‍കോട്, കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ചില്‍ വെച്ച് സംഘടിപ്പിച്ച ബീച്ച് റണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ സന്തോഷ്, ഈ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി പി ഹസീബ്, കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്‌ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോകാരോഗ്യ സംഘടന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരമായി ആചരിക്കുന്നത്. ‘ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.
വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.