ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്കോളേജില്‍ യോഗ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യോഗ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല, എന്‍.സി.സി. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്, തത്വമസി യോഗതെറാപ്പി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.ദിനേശ് ഉദ്ഘാടനം ചെയ്തു. അസോഷ്യേറ്റ് എന്‍.സി.സി.ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് യോഗാചാര്യ കെ.എന്‍. ശംഭു നമ്പൂതിരി, ഫിറ്റ്‌നസ് പരിശീലകന്‍ എം.വി.വിനോദന്‍ എന്നിവരെ ആദരിച്ചു. ഡോ. ജി.കെ.സീമ, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ. ദര്‍ശന, പി.പ്രിത്വിരാജ് എന്നിവര്‍ സംസാരിച്ചു. തത്വമസി യോഗതെറാപ്പി സെന്റര്‍ ഡയറക്ടര്‍ അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും സാനിയ വില്‍സണ്‍ നന്ദിയും പറഞ്ഞു. ‘ഇന്ത്യന്‍ വിജ്ഞാനത്തിലെ ആരോഗ്യ സിദ്ധാന്തങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ.കെ.വിശ്വനാഥ് മുഖ്യ പ്രഭാഷണം നടത്തി. ‘ഭക്ഷണവും ദഹനവും’ എന്ന വിഷയത്തില്‍ ഡോ.കെ.അനുപമ, ‘ഭക്ഷണ രീതിയിലെ പരമ്പരാഗതവും ആധുനികവുമായ ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ചന്ദ്രന്‍ മുട്ടത്ത്, ‘പഞ്ചഗവ്യവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ഡോ.നാഗരത്‌ന ഹെബ്ബാര്‍, പുരാതന ഇന്ത്യന്‍ രേഖകളിലെ മനശാസ്ത്ര സങ്കല്‍പങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.എന്‍.ശ്രീഹരി സുകേഷ്, ‘കളരിയും മര്‍മ്മ ചികിത്സയും’ എന്ന വിഷയത്തില്‍ ഡോ.വി.വി.ക്രിസ്റ്റോ ഗുരുക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറു പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് സി.വി.വി.കളരി സംഘത്തിന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *