തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിഎടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അന്വേഷണം ശക്തമാക്കാന്‍ സൈബര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കും എന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാതല മീഡിയ റിലേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലോ ഓഫിസര്‍ എസ്.എന്‍ ശശികുമാര്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണം.
തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും വിലക്കുന്നു.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശിപാര്‍ശക്കത്ത് 24 ന് മൂന്ന് വരെ നല്‍കാം
സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശിപാര്‍ശ കത്ത് നവംബര്‍ 24 ന് വൈകുന്നേരം മൂന്നിനകം നല്‍കിയാല്‍ മതിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഏജന്റ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം എട്ടിലുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം.
നിക്ഷേപതുക പണമായി നല്‍കാം
നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: ജില്ലയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2025 പൊതുജനങ്ങള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ എം സി സി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌കില്‍ ജില്ല തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയര്‍ സൂപ്രണ്ട് എം ഹംസ,ജൂനിയര്‍ സൂപ്രണ്ട് എന്‍ എസ് പുഷ്പരാജന്‍, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്‌റ് കെ എ കിരണ്‍ കുമാരി, ക്ലര്‍ക്ക് ജിഎച്ച് ചിത്ര ഓഫീസ് അറ്റന്‍ഡന്റ് വി സവിത എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 04994 255782, 9947448004, 7012495614, 9633032815.