പിലിക്കോട് വയലിലെ വീട്ടുകോലായയില്‍ ആരോഗ്യ സംവാദത്തിനായി ഒത്തുകൂടിയവരോട് ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സംഘത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര ശിശു ആരോഗ്യ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമ്മിഷണറായ ഡോ: ശോഭനഗുപ്ത സംസാരിച്ചു. നവജാത ശിശുപരിചരണ ബോധവല്‍ക്കരണ വാരാചരണത്തിന്റെയും ആന്റിമൈക്രോബിയല്‍ റസിസ്റ്റന്റ് ബോധവല്‍ക്കരണ വാരാചരണത്തിന്റെയും,ജില്ലാതല ഉദ്ഘാടനത്തിന്റെയും ദേശീയ ബധിരതനിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യ)വും ദേശീയാരോഗ്യ ദൗത്യവും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പിലിക്കോട് സംഘടിപ്പിച്ച കോലായക്കൂട്ടം ജനപങ്കാളിത്തം കൊണ്ടും സജീവമായ ആരോഗ്യസംവാദത്താലും സമ്പന്നമായി.
കോലായക്കൂട്ടത്തില്‍ അതിഥികളായെത്തിയ കേന്ദ്രസംഘത്തിലെ പ്രതിനിധികള്‍ക്ക് മുന്നില്‍ വിവിധ ആരോഗ്യവിഷയങ്ങളിലെ സംശയങ്ങളും ഉത്തരങ്ങളും ചര്‍ച്ചകളും ഒക്കെയായി സജീവമായി ജനക്കൂട്ടം. ബോധവല്‍ക്കരണത്തിനായി തയ്യാറാക്കിയ സ്‌കിറ്റ്, ഒപ്പന , നൃത്തങ്ങള്‍ പാട്ടുകള്‍ ഇവയെല്ലാം കോലായക്കൂട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയ പ്രതിനിധി ഡോ: സി.എസ് അഗര്‍വാള്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എ.വി.രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: അരുണ്‍.പി.വി, ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് .കെ, ഡോ: അജയ്രാജ്, എ.എം ആര്‍ ജില്ല നോഡല്‍ ഓഫീസര്‍ ഡോ: വിബിന്‍ കെ നായര്‍, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ലിനിജോയ്, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ തുടങ്ങിയവരും കോലായക്കൂട്ടത്തില്‍ ജനങ്ങളുമായി സംവദിച്ചു.
ദേശീയ ആരോഗ്യ പദ്ധതികള്‍ ആരോഗ്യ മേഖലയിലെ മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നത് വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോമണ്‍ റിവ്യൂ മിഷന്‍ (CRM ) ന്റെ ഭാഗമാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തിയത്. പതിനേഴാം സി.ആര്‍.എംന്റെ ഭാഗമായി സംഘം കോട്ടയം, കാസര്‍കോട് ജില്ലയില്‍ നവംബര്‍ 20 വരെയാണ് സന്ദര്‍ശനം നടത്തുന്നത്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് സബ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.