ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ: സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു റിവാര്‍ഡ് കൈമാറി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അഗ്നിബാധ കെടുത്തുന്നതിന് ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ച 387 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു പ്രചോദനമായി റിവാര്‍ഡ് കൈമാറി. നിയമസഭാ സമുച്ചത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആകെ റിവാര്‍ഡ് തുകയായ 6,48,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ കെ. പത്മകുമാറിനു കൈമാറി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അഗ്നിബാധ പൂര്‍ണമായി കെടുത്താന്‍ അഗ്നി രക്ഷാ വകുപ്പിന്റെ വിപുലമായ സംവിധാനങ്ങള്‍ക്കൊപ്പം സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. 11 ദിവസം നീണ്ടുനിന്ന അഗ്നിബാധ കെടുത്തുന്നതിനു തികഞ്ഞ ആത്മാര്‍ഥതയോടെയും സമര്‍പ്പണ ബോധത്തോടെയും സന്നദ്ധ പ്രവര്‍ത്തനത്തിന്റെ അന്തസത്തയുള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചതിനു പ്രചോദനമായാണ് ഇവര്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ദിവസങ്ങളില്‍ ദിനം ഒന്നിന് 1000 രൂപ വീതം റിവാര്‍ഡ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *