ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ജിയോ ലാബ് സജ്ജമായി. ജി.എച്ച്.എസ് തയ്യേനി, ജി. എച്ച്. എസ്.എസ് പെരുമ്പട്ട, ജി.എച്ച്.എസ്.എസ് പരപ്പ, ജി.എച്ച്.എസ്.എസ് ബളാല്‍, ജി.എച്ച്.എസ്.എസ് മാലോത്ത് കസബ, ജി.എച്ച്.എസ്.എസ് ചായോത്ത്, ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ജിയോ ലാബ് സൗകര്യം ഒരുക്കിയത്.
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലായി 10 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ജിയോ ലാബ് സൗകര്യമായത്. ഭൂമിശാസ്ത്ര പഠനം കൂടുതല്‍ അനുഭവാത്മകവും ദൃശ്യവല്‍ക്കൃതവുമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബ്. ഗാലക്സി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഭൂപടങ്ങള്‍, ത്രിമാന മാതൃകകള്‍, ഇന്ററാക്ടീവ് ഡിസ്‌പ്ലേകള്‍, ഡിജിറ്റല്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാനും ആകര്‍ഷകമായ രീതിയില്‍ പഠിക്കാനും സഹായകമാകും.
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപയുപയോഗിച്ചു സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കല്‍ ബി.ആര്‍.സി യാണ് ജിയോ ലാബുകള്‍ ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി തയ്യേനി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ആദ്യ ജിയോലാബിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വഹിച്ചു .മുന്‍ ഐ.എസ്.ആര്‍.ഒ പ്രോജക്ട് ഡയറക്ടറും മംഗളയാന്‍ മിഷന്‍ ഡയറക്ടറുമായ പി.കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഉടന്‍ ജിയോ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും