ബീഫ് സ്റ്റാളില്‍ അതിക്രമിച്ച് കയറി അക്രമം; 2 പേര്‍ അറസ്റ്റില്‍

മാനന്തവാടി: എരുമത്തെരുവിലെ ഒരു ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി, ജീവനക്കാരനെ ഇരുമ്പുതാഴ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി എരുമത്തെരുവ് സ്വദേശി ടി.സി. നൗഷാദ് (29), പിലാക്കാവ് സ്വദേശി എം. ഇല്ല്യാസ് (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നാം തീയതി രാവിലെയാണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യമാണ് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്താന്‍ കാരണം എന്ന് പോലീസ് അറിയിച്ചു.

കേസില്‍ അറസ്റ്റിലായ നൗഷാദ് (29), വധശ്രമം, മോഷണം, കൊള്ളയടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ 2022-ല്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കണ്ണൂര്‍ മേഖല ഡി.ഐ.ജി കാപ്പ (KAAPA) നിയമപ്രകാരം ആറ് മാസത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കാപ്പ കാലാവധി പൂര്‍ത്തിയാക്കി എരുമത്തെരുവില്‍ താമസിച്ചുവരുന്നതിനിടെയാണ് നൗഷാദ് വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത്, നൗഷാദിനെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *