വിദേശപഠനവും വിദേശ ജോലികളും ജീവിതത്തിന്റെ ഭാഗമായ ഈ കാലത്ത് വയോജന കേന്ദ്രങ്ങളുടെ ആവശ്യകത വളരെ വലുതാണെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഇരിയണ്ണിയില്‍ നിര്‍മ്മിച്ച വയോജന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഉന്നത വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജോലിക്കുമായി മക്കള്‍ വിദേശത്ത് പോകുമ്പോള്‍ പ്രായമായ അച്ഛനമ്മമാര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ പ്രയോജനകരമാകുമെന്നും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് ഒരുമിക്കാനും വിഷമങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ച് മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷ നേടാനും ഇത്തരം കേന്ദ്രങ്ങള്‍ സഹായകമാകുമെന്നും എം.എല്‍.എ പറഞ്ഞു.
1100 സ്‌ക്വയര്‍ ഫീറ്റില്‍ ഹാള്‍, അടുക്കള, അഞ്ച് കട്ടിലുകള്‍ ഉള്ള ഒരു റൂം, എന്നിവയടങ്ങുന്നതാണ് ഇരിയണ്ണിയിലെ വയോജന കേന്ദ്രം. 28 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ആദ്യഘട്ടത്തില്‍ പകല്‍ വീടുകള്‍ എന്ന നിലയിലായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ചടങ്ങില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി അധ്യക്ഷത വഹിച്ചു. കാറഡുക്ക അഡീഷണല്‍ സി.ഡി.പി.ഒ കെ.കെ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സവിത, മുന്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ഭവാനി, മുന്‍ മെമ്പര്‍ നാരായണിക്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പ്രഭാകരന്‍, അശോകന്‍ മാസ്റ്റര്‍, എംജി മണിയാണി, സി.രാമകൃഷ്ണന്‍, ഗ്രന്ഥാലയം പ്രതിനിധി ടി.കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ നാരായണന്‍ സ്വാഗതവും ജോയിന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍.എ മജീദ് നന്ദിയും പറഞ്ഞു.