പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക വായന സംഘടിപ്പിച്ചു

കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക വായന സംഘടിപ്പിച്ചു. വായനക്കാരന്‍ എം.ടി. പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ ജോ. സെക്രട്ടറി കെ.എന്‍. മനോജ് കുമാര്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച എഴുത്തുകാരന്‍ എന്നതു പോലെ വലിയ വായനക്കാരന്‍ കൂടിയാണ് എം.ടി. വാസുദേവന്‍ നായര്‍. പത്രാധിപരെന്ന നിലയിലും വായനക്കാരനെന്ന നിലയിലും വായനയുടെ വെളിച്ചം മലയാളികളില്‍ പ്രസരിപ്പിച്ച എഴുത്താളാണ് അദ്ദേഹമെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് മനോജ് മാഷ് പറഞ്ഞു. എഴുത്തു കൊണ്ടും ജീവിതം കൊണ്ടും അത്ഭുതപ്പെടുത്തിയ ഹെമിംഗ് വേ, ഫോക് നോര്‍, ഹെന്റി ജയിംസ്, ജോണ്‍ ദോസ് പാസോസ്, സ്റ്റീന്‍ ബക്ക് തുടങ്ങിയ വിശ്വ സാഹിത്യ കാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം പുതിയ എഴുത്താളുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും എം.ടി. കാണിച്ച താല്പര്യത്തെ ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചരിത്രാധ്യാപകന്‍ കൂടിയായ മനോജ് മാഷ് ഉദാഹരണ സഹിതം വ്യക്തമാക്കി. എഴുത്താളിന്റെ വായനയെന്ന വിഷയത്തെക്കുറിച്ച് ഇ.പി. രാജഗോപാലന്‍ മാഷ് രചിച്ച വായനക്കാരന്‍ എം.ടി. എന്ന പുസ്തകം മലയാളത്തില്‍ ആദ്യമായി ഇറങ്ങിയ പഠന ഗ്രന്ഥവും ഒപ്പം വായനയെക്കുറിച്ചുള്ള റഫറന്‍സ് പുസ്തകവുമാണ്. റിട്ട. പ്രധാനാധ്യാപകന്‍ ശശിധരന്‍ ആലപ്പടമ്പ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, കൂക്കാനം റഹ് മാന്‍ , ശോഭ കല്ലത്ത്, സജീഷ ഈയ്യക്കാട് ,ഷൈനി ശശിധരന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *