കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ കാസര്‍കോട് ഹാര്‍ബര്‍ സന്ദര്‍ശിച്ചു

കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ കാസര്‍കോട് ഹാര്‍ബര്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയുടെ ഭാഗമായുള്ള കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പ്രവൃത്തി പുരോഗമിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, ജീവനക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. കെ.രൂപേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.ബാബുമോന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.രാജീവന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് , ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന ദിനകരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

കാസര്‍കോട് മത്സ്യബന്ധന തുറമുഖ വികസനം രണ്ടാം ഘട്ടം 75ശതമാനം പൂര്‍ത്തിയായി

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയുടെ ഭാഗമായുള്ള കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 75 ശതമാനം പൂര്‍ത്തിയായി. 70.53 കോടി രൂപയുടെ ഈ വികസന പദ്ധതിക്കായി ഇതുവരെ 51.63 കോടി രൂപ ചെലവഴിച്ചു.

2015-ല്‍ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം, പുലിമുട്ടുകള്‍ക്കിടയിലൂടെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സുഗമമായി ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹരിക്കുന്നതിനാണ് ഈ രണ്ടാം ഘട്ട വികസനം നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനെയിലെ സി.ഡബ്ല്യു.പി.ആര്‍.എസ് നടത്തിയ മാതൃകാ പഠനത്തിന്റെ ശുപാര്‍ശ പ്രകാരം, പുലിമുട്ടുകളുടെ നീളം വര്‍ദ്ധിപ്പിക്കാനും ബീച്ച് ലാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. 2023 മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കി. വടക്കേ പുലിമുട്ടിന് 360 മീറ്ററും തെക്കേ പുലിമുട്ടിന് 150 മീറ്ററും നീളം വെച്ച് പണിയുന്ന പ്രവൃത്തി പൂര്‍ത്തിയായി. ഇതിനായി 48.99 കോടി രൂപ ചെലവഴിച്ചു. ഡ്രഡ്ജിംഗ് ജോലികള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി ഗിയര്‍ ഷെഡ്, റെസ്റ്റ് ഷെഡ്, ഷോപ്പുകള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, നാവിഗേഷന്‍ സംവിധാനം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അനുബന്ധ പ്രവൃത്തികളില്‍, വര്‍ക്ക് ഷോപ്പ്, കാന്റീന്‍ എന്നിവയുടെ നിര്‍മ്മാണം 70 ശതമാനവും വൈദ്യുതീകരണം 55 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. ലോ ലെവല്‍ ജെട്ടി, ഇ.ടി.പി എന്നിവയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *