1000 മലബാറി ആടുകളുടെ ഫാമായി വികസിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി
2.66 കോടി രൂപ നിര്‍മാണ ചിലവില്‍ ജില്ലയ്ക്കഭിമാനമായി ആട് ഫാം, ഫാം യഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് ചെറു തല്ലെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ബേഡഡുക്ക ഹൈടെക് ആട് ഫാം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗ സംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപയും കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 1.54 കോടി രൂപയും കൂടി 2.66 കോടി രൂപയോളം വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആട് ഫാമിന് വേണ്ടി ചിലവാക്കിയതെന്നും ഫാം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും വഹിച്ച പങ്ക് ചെറുതല്ലെന്നും മൃഗ സംരക്ഷണ ക്ഷീര വികസന്‍ മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സ്ഥല വിസ്തൃതി ഉള്ളതിനാല്‍ ഫാമിനെ ഏറ്റവും മികച്ച ആട് ഫാം ആക്കാന്‍ ആക്കാന്‍ കഴിയും എന്നും ആയിരത്തോളം മലബാറി ആടുകളുടെ ശേഖരമാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. ജലസേചന സൗകര്യവും തീറ്റപ്പുല്‍ കൃഷിയും ക്രമീകരിച്ചുകൊണ്ടാണ് തന്നെയാണ് ഫാം തുടങ്ങിയതെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പിന് തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കല്ലളിയിലെ ആട് ഫാം പരിസരത്ത് നടന്ന ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എംസി റെജില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.മുഹമ്മദ് ആസിഫ് കര്‍ഷക സെമിനാര്‍ നയിച്ചു. പരിപാടിയില്‍ ആട് ഫാം രണ്ടാം ഘട്ടത്തിന്റെ വിശദപദ്ധതി രേഖ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജമോഹനില്‍ നിന്നും കെട്ടിട രേഖകള്‍ സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി അഞ്ജനയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എം.സി റെജിലും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ മനോജ് കുമാറും ഏറ്റുവാങ്ങി.
ഹൈടെക് ആട് ഫാം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരിശ്രമിച്ച എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍ എന്നിവരെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എം.സി റെജില്‍ കുമാര്‍, ജില്ലാ മൃഗസംരക്ഷണം ഓഫീസര്‍ പി കെ മനോജ് കുമാര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, ഫാം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ച പി.ഡബ്ല്യു.ഡി കരാറുകാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.വസന്തകുമാരി, ഹൗസിംഗ് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി അഞ്ജന, ജില്ലാ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജഗദീഷ്, ജില്ലാ നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജമോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ മനോജ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍.കെ സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി ബാബു, സി.രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ടി.ഡി കബീര്‍, മൊയ്തീന്‍ കുഞ്ഞികളനാട് ,ഉദയന്‍ ചെമ്പക്കാട്,സജി സെബാസ്റ്റ്യന്‍, കരീം ചന്ദേര, പി.വി രാജു, സണ്ണി അരമന, പി.വി ഗോവിന്ദന്‍, പി.റ്റി നന്ദകുമാര്‍ വി.വി കൃഷ്ണന്‍ ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ സ്വാഗതവും ബേഡഡുക്ക ഹൈടെക് ഫാം സ്പെഷ്യല്‍ ഓഫീസര്‍ എസ്. രാജു നന്ദിയും പറഞ്ഞു.
ഹൈടെക് ആട് ഫാം ജില്ലയുടെ ചിരകാല സ്വപ്നത്തിന്റെ നാള്‍വഴികള്‍
കേരളത്തിന്റെ തനത് ജനുസായ മലബാറി ആടുകളുടെ സംരക്ഷണം, പ്രജനനം, പ്രചാരം എന്നിവ ലക്ഷ്യമിട്ടും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കുമുള്ള ആടു ലഭ്യത ഉറപ്പുവരുത്തനുമുള്ള പദ്ധതിയാണ് കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ ബേഡഡുക്ക പഞ്ചായത്തില്‍ കല്ലളിയില്‍ ആരംഭിച്ച ഹൈടെക് ആട് ഫാം 22.75 ഏക്കര്‍ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന ആട് ഫാം യാഥാര്‍ത്ഥ്യമായതോടെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആട് ഫാമുകളുടെ എണ്ണം നാലായി മൃഗസംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപയും കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തിയ 1.54 കോടി രൂപയും കൂടി 2.66 കോടി രൂപ ചിലവില്‍ നിര്‍മിച്ച ആട് ഫാം യാഥാര്‍ത്ഥ്യമായതോടെ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലയിലെ ജനതയുടെയും നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. 2015 ലാണ് മലബാറി ആടുകളുടെ സംരക്ഷണത്തിനായി ആടുവളര്‍ത്തല്‍ കേന്ദ്രം എന്ന ആശയം ഉയര്‍ന്നു വരുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആശയം മുന്നോട്ട് വെച്ചത്. ആശയത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും കൂടി ആയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2016 -17 കാലഘട്ടത്തിലാണ് കൊളത്തൂര്‍ വില്ലേജിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുന്നത്. 2020ല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ നേതൃത്വം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൗസിങ് ബോര്‍ഡുമായി കരാര്‍ ഒപ്പ് വെച്ചു. 2021 ഫെബ്രുവരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം നടന്നു. തുടര്‍ന്ന് ജലലഭ്യതയ്ക്കായി കുഴല്‍ക്കിണര്‍ നിര്‍മ്മാണം, ഓഫീസ് കെട്ടിടം, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മ്മാണവും ആരംഭിച്ചു. കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി തീറ്റപ്പുല്‍ കൃഷിയും ആരംഭിച്ചു. നിലവില്‍ 200 ആടുകളെ പാര്‍പ്പിക്കാന്‍ പറ്റുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം 81 ആടു കള്‍ ഫാമിലുണ്ട്.