നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രം നവീകരണ ബ്രഹ്‌മകലശമഹോത്സവം; സംഘാടക സമിതി രൂപീകരിച്ചു.

ശൈവ വൈഷ്ണവ ചൈതന്യം ഒരുപോലെ പ്രസരിപ്പിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തില്‍ 2028 ല്‍ നടക്കുന്ന നവീകരണ ബ്രഹ്‌മകലശമഹോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ക്ഷേത്രം അഗ്രശാലയില്‍ വെച്ച് ചേര്‍ന്നു. ഇതിന് മുമ്പ് 2009 ല്‍ ആണ് ക്ഷേത്രത്തില്‍ ദ്രവ്യാവര്‍ത്തി സഹസ്രകലശാഭിഷേകം നടന്നത്. 16 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ക്ഷേത്രത്തിന് അനുയോജ്യമായ രീതിയില്‍ കലശമഹോത്സവവും അതിന് മുന്നോടിയായി നടക്കേണ്ട നവീകരണ പ്രവര്‍ത്തനങ്ങളും യഥാവിധി നടത്തി പൂര്‍ത്തീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.സി മാനവര്‍മ്മ രാജ അധ്യക്ഷത വഹിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.രാജേഷ്, ഡോ. കെ.സി.കെ രാജ, കെ.വി വിനോദ്, സുരേഷ് കൊക്കോട്ട്, കെ.പി ജയരാജന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി കെ.സി മാനവര്‍മ്മ രാജ (ചെയര്‍മാന്‍), പി.കുഞ്ഞിരാമന്‍ നായര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ.വി വിനോദ് (ജനറല്‍ കണ്‍വീനര്‍), എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.രാജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയുടെ സുഖകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങള്‍, അയ്യപ്പ ഭജനമഠം, മുത്തപ്പന്‍ മടപ്പുര എന്നിവയുടെ പ്രതിനിധികളും അവയിലെ മാത്യസമിതി അംഗങ്ങളും നാട്ടുകാരും ഭക്തജനങ്ങളുമടക്കം 500 ഓളം പേര്‍ യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *