നിര്‍മ്മാണവേഗതയില്‍ ചരിത്രമെഴുതി കച്ചേരിക്കടവ് പാലം

നീലേശ്വരം: നിര്‍മാണവേഗതയില്‍ ചരിത്രം കുറിച്ച് കച്ചേരിക്കടവ് പാലം. ഒറ്റ ദിവസം പാലത്തിന്റെ ആറു സ്ലാബുകള്‍ ഒരുമിച്ചു കോണ്‍ക്രീറ്റ് ചെയ്തു കൊണ്ടാണ് നിര്‍മാണമേറ്റെടുത്ത ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി റിക്കാര്‍ഡിട്ടത്.
100 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ആറു സ്ലാബുകള്‍ ഒരുമിച്ച കോണ്‍ക്രീറ്റ് ചെയ്തത്. തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍ കോണ്‍ക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, വാര്‍ഡ് മെമ്പര്‍ കെ.പ്രീത, ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ.മുഹമ്മദ് ജാനിഷ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ജെ.കൃഷ്ണന്‍, കമ്പനി എഞ്ചിനീയര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നീലേശ്വരം നഗരസഭാ കെട്ടിടത്തിനു മുന്നില്‍ നിന്നാരംഭിച്ച് നെടുങ്കണ്ട കുമ്മായക്കമ്പനിയുടെ മുന്നില്‍ ദേശീയപാതയോടു ചേര്‍ന്ന് അവസാനിക്കുന്നതാണ് പാലം. പാലം യാഥാര്‍ഥ്യമായാല്‍ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് ചുറ്റാതെ എളുപ്പത്തില്‍ രാജാറോഡിലേക്ക് പ്രവേശിക്കാനാകും.
കിഫ്ബി സാമ്പത്തിക സഹായത്തോടെ 21 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരാറുകാര്‍ നല്‍കിയ ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *