കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര സംസ്ഥാനതല ഉദ്ഘാടനം നാളെ പാണത്തൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പാണത്തൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ലാഗോഫ് ചെയ്യും. പനത്തടി ഫൊറോന ആതിഥേയരാകുന്ന പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, മാലോം, കാസര്‍കോട്, തോമാപുരം ഫൊറോനകളില്‍ നിന്നായി പതിനായിരത്തോളം ആളുകള്‍ പരിപാടിയുടെ ഭാഗമാകും.

‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, റബ്ബറും നെല്ലും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ മേഖയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അവകാശ സംരക്ഷണയാത്ര നടക്കുക.

പാണത്തൂര്‍ സെന്‍മേരീസ് പള്ളി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. പരിപാടിയില്‍ ദേശീയ ജൂനിയര്‍ അത് ലറ്റിക്ക് സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് ആദ്യ മെഡല്‍ നേടിയ ജില്‍ഷ ജിനിലിനെ ആദരിക്കും.

വാഹന പാര്‍ക്കിംഗ്

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനെത്തുന്ന വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിക്കിംഗ് പാണത്തൂര്‍ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തും (ചിറംകടവ്) പാണത്തൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തും സജ്ജമാക്കിയതായി ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *