മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എന്മകജെ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. പഞ്ചായത്തിലെ നാട്ടുകാരുടെയും കായികപ്രേമികളുടെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റേഡിയം. പതിനഞ്ചാം വാര്‍ഡായ എന്മകജെയിലെ പഞ്ചായത്തിന് കീഴിലുള്ള മൈതാനമാണ് മുഖം മാറാന്‍ പോകുന്നത്. മൈതാനം നവീകരണം, പവലിയന്‍, കുടിവെള്ളം, ഡ്രസിങ് റൂം, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുക. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും സ്റ്റേഡിയമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. കായിക മേഖലയില്‍ ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഒരു നാട്ടില്‍ പുതിയ സ്റ്റേഡിയം വരുന്നത് കായിക മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കബഡി, ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായികയിനങ്ങളില്‍ ജില്ലാ ടീമുകളിലേക്കും സംസ്ഥാന ടീമിലേക്കും ഒരുപാട് മികച്ച താരങ്ങളെ സംഭാവന ചെയ്ത പഞ്ചായത്താണ് എന്‍മകജെ. കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായി മാറാനൊരുങ്ങുകയാണ് എന്‍മകജെ പഞ്ചായത്ത് സ്റ്റേഡിയം.