രാജപുരം: ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം തവണയും മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ച് രാജപുരം സെന്റ് പയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 50 വയസ്സില്‍ താഴെയുള്ള ആദ്യ മലയാളിയായ കോളേജ് അധ്യാപകനാണ് സിനോഷ്. അമേരിക്കയിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വ്വകലാശാലയും എല്‍സിവര്‍ പബ്ലിഷിങ് കമ്പനിയും ചേര്‍ന്ന് ഈ വര്‍ഷം പുറത്തിറക്കിയ 2025 ലെ പുതിയ പട്ടികയിലാണ് ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പേരുകള്‍ക്കൊപ്പം ഡോ: സിനോഷ് സ്‌കറിയച്ചന്റെ പേര് വീണ്ടും ഇടം നേടിയത്. കഴിഞ്ഞവര്‍ഷത്തെ ലോക റാങ്കിങ്ങേനെക്കാള്‍ 200 റാങ്ക് മുന്നേറിയാണ് ഈ നേട്ടം.
സെന്റ് പയസ് ടെന്‍ത് കോളേജ്, കാസര്‍ഗോഡ്, ഇന്ത്യ എന്ന പേരിലാണ് ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ശാസ്ത്ര പ്രതിഭാ നേട്ടം പ്രസിദ്ധീകരിച്ചത് . ലോകത്തിലെ ഏറ്റവും മികച്ച ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്ത ശാസ്ത്ര പ്രബന്ധങ്ങളില്‍ ഇതുവരെ 2025 (എച് ഇന്‍ഡക്‌സ് -25, ഐ ടെന്‍ ഇന്‍ഡക്‌സ്-42) സൈറ്റേഷന്‍സ് അടക്കം ഗവേഷണങ്ങളില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും അപകടകാരിയായ ബാക്ടീരിയകള്‍ ക്കെതിരെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി എന്നിവയുടെ സഹായത്തോടുകൂടിയുള്ള മരുന്ന് ഗവേഷണം, സൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിര്‍മാര്‍ജനം, സമുദ്രത്തിനുള്ളിലുള്ള മറൈന്‍ സ്‌പോഞ്ചുകളില്‍ നിന്നും വേര്‍തിച്ചെടുക്കുന്ന പ്രത്യേകതരം ബയോ ആക്ടീവ് സംയുക്തങ്ങളുടെ വിവിധ പഠനങ്ങളാണ് പ്രധാന ഗവേഷണ മേഖലകള്‍. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2019 മുതല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്.