മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പിനേഷനാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ചിരിയുടെ മാലപ്പടക്കവും നല്ല സിനിമാനുഭവങ്ങളും സമ്മാനിച്ച ഈ സൗഹൃദം ഇപ്പോള്‍ ഒരു പുതിയ നാഴികക്കല്ലിന് ഒരുങ്ങുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ നൂറാമത്തെ സിനിമയുടെ ഒരുക്കങ്ങളിലാണ്. ഈ ചരിത്രപരമായ പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നിരിക്കുകയാണ്.
‘എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിനൊപ്പം തന്നെയായിരിക്കും. അദ്ദേഹത്തെ അല്ലാതെ മറ്റൊരാളെയും ആ സിനിമയില്‍ നായകനായി ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല,” പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്തതായി പിറവിയെടുക്കാന്‍ പോകുന്ന ഈ 100-ാമത്തെ ചിത്രം എന്തായിരിക്കുമെന്ന ആകാംഷയിലാണ് സിനിമാ പ്രേമികള്‍.
‘എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിനൊപ്പം തന്നെയായിരിക്കും. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹം എന്നെ സിനിമകള്‍ എടുക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹന്‍ലാല്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കള്‍ ആണെങ്കിലും സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. കാരണം അത് അദ്ദേഹത്തിന്റെ ജീവിതമാണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍, നൂറാമത്തെ സിനിമയിലും മോഹന്‍ലാല്‍ ആകും നായകന്‍. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ല’, പ്രിയദര്‍ശന്‍ പറഞ്ഞു.