ആലപ്പുഴ: മാവേലിക്കരയില്‍ നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍. മാവേലിക്കര കണ്ടിയൂര്‍ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. മദ്യപിച്ച് ഉണ്ടായ വാക്ക് തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല.
മാവേലിക്കര കണ്ടിയൂര്‍ സ്വകാര്യ ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രി 11.30 ഓടെയാണ് യുവാക്കളുടെ പരാക്രമം നടന്നത്. മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ നടുറോഡില്‍ തമ്മില്‍ തല്ലുകയായിരുന്നു. ബഹളവും അസഭ്യ വാക്കുകളും കേട്ട് എത്തിയ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് മാവേലിക്കരയില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
തമ്മില്‍ തല്ലിയവരെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലയെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് രാത്രിയിലും പകലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.