രാവണേശ്വരം: രാവണേശ്വരത്തെ സഹോദരങ്ങളായ പി . രാധാകൃഷ്ണനും പി . മഞ്ജുനാഥനും പച്ചക്കറി കൃഷി രംഗത്തെ പരിചയം ഇന്നും ഇന്നലെയും ഉള്ളതല്ല. വര്‍ഷങ്ങളായി ഇവര്‍ കൃഷി ചെയ്ത് വിവിധ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ വിളയിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ പച്ചക്കറി കൃഷി വിളവെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഇവര്‍ പറയുന്നു. ‘ഓണത്തിന് ഒരു മുറം പച്ചക്കറി ‘എന്ന ആശയവുമായി സി.പി.ഐ.എമ്മി ന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും കര്‍ഷക സംഘത്തിന്റെയും ആഹ്വാനം അനുസരിച്ചാണ് ഇവര്‍ ഇപ്രാവശ്യം കൃഷിയിലേക്ക് തിരിഞ്ഞത്. പാര്‍ട്ടിയുടെയും മറ്റ് ബഹുജന കര്‍ഷക സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കുന്നതിനോടൊപ്പമാണ് ഇവര്‍ കൃഷിയും കൊണ്ടുപോകുന്നത്. 50 സെന്റ് സ്ഥലത്ത് ജൈവ കൃഷി രീതിയിലൂടെയാണ് ഇവര്‍ നരമ്പനും മറ്റ് വിളകളായ പാവയ്ക്ക, കക്കിരി പയര്‍, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്ത് നല്ല വിളവ് നേടിയിരിക്കുന്നത്. രാവണേശ്വരത്തെ പാരമ്പര്യ കര്‍ഷകനും അജാനൂര്‍ കൃഷിഭവന്റെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയായ കരിപ്പാടക്കന്‍ ചന്തുവിന്റെ മക്കളാണ് ജേഷ്ഠാനുജന്മാരായ മഞ്ജുനാഥനും രാധാകൃഷ്ണനും. ഇപ്രാവശ്യം കൃഷിയിറക്കാന്‍ വൈകിയത് കൊണ്ട് ഓണത്തിന് വിളവെടുക്കാന്‍ സാധിച്ചില്ലെങ്കിലും തങ്ങളുടെ സംഘടനയുടെ ആഹ്വാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും തങ്ങളുടെ ഈ കൃഷി കണ്ട് യുവ തലമുറയും കാര്‍ഷിക, പച്ചക്കറി കൃഷി രംഗത്തേക്ക് വരും എന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. കൃഷിയിറക്കാന്‍ വൈകിയതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും ഓണ വിപണി നഷ്ടം വന്നു എങ്കിലും നല്ല വിളവ് ലഭ്യമായിട്ടുണ്ടെന്ന് പി. മഞ്ജുനാഥന്‍ പറഞ്ഞു. പച്ചക്കറി കൃഷി സ്ഥലത്ത് തന്നെ ആളുകള്‍ വാങ്ങാന്‍ എത്തുന്നതുകൊണ്ട് വിപണിയെ ഒരു പരിധിവരെ ആശ്രയിക്കേണ്ടി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാവണേശ്വരം കുന്നുപാറയിലെ കൃഷി സ്ഥലത്ത് നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍ നിര്‍വഹിച്ചു. സഹോദരങ്ങളുടെ കൃഷിയിലെ മാതൃക മറ്റുള്ള ആളുകളും പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. കര്‍ഷക സംഘം ചിത്താരി വില്ലേജ് പ്രസിഡണ്ട് ബി. മാധവന്‍ സംബന്ധിച്ചു. . ആദ്യമേ തന്നെ കൃഷിക്കാരനായിരുന്ന മഞ്ജനാഥന്‍ പ്രവാസ ജീവിതത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും കൃഷിയിലേക്ക് സജീവമായി തിരിഞ്ഞിരിക്കുന്നത്. പ്രവാസി സംഘത്തിന്റെ ഏരിയ ട്രഷറര്‍ , കര്‍ഷക തൊഴിലാളി ചിത്താരി വില്ലേജ് ജോയിന്റ് സെക്രട്ടറി, രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു മഞ്ജുനാഥന്‍. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറും കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ടുമായ പി. രാധാകൃഷ്ണന്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ടും ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ മുക്കൂട് ബ്രാഞ്ച് മാനേജര്‍ കൂടിയാണ്. കൂടാതെ നാട്ടിലെ കലാകായിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം കൂടിയാണ് രാധാകൃഷ്ണന്‍. ഫോക് ലോര്‍ അക്കാദമിയുടെ മികച്ച ഫോക് ലോര്‍ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് കൂടി നേടിയിട്ടുണ്ട് ഇദ്ദേഹം. ഇവരുടെ മറ്റ് സഹോദരങ്ങളും കാര്‍ഷിക രംഗത്ത് സജീവമായി തന്നെ തുടര്‍ന്നു പോകുന്നുണ്ട്.