കാലിക്കടവ് മിനി എസ്റ്റേറ്റിന് സമീപത്തോടുകൂടി പോകുന്നവര്‍ക്ക് കൗതുകമാവുകയാണ് ഈ ജൈവവൈവിധ്യ ഉദ്യാനം. ഒരു കാലത്ത് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ ഇടം ഇന്ന് ഒരു ഹരിതയിടമാണ്. കാലിക്കടവ് മിനി എസ്റ്റേറ്റിനു സമീപത്ത് ഒന്‍പത് സെന്റ് സ്ഥലത്താണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പൂര്‍ണ്ണ ധനസഹായത്തോടെ പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനുമുള്ള ഒരു ഇടം എന്നതിലുപരി അപൂര്‍വമായ സസ്യസമ്പത്തിന്റെ ഒരു മ്യൂസിയം കൂടിയാണ് ഈ ഉദ്യാനം. 120ല്‍ പരം ഔഷധസസ്യങ്ങളുടെ കലവറയില്‍ പ്രാദേശീകമായി കണ്ടുവരുന്നതും അത്യപൂര്‍വ്വങ്ങളും ആയ ഔഷധ ചെടികള്‍ കാണാം. ഓരോ ചെടിയിലും സ്ഥാപിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കും. തേള്‍, പഴുതാര മുതലായവയുടെ കടിയേറ്റാല്‍ ഉണ്ടാകുന്ന വേദനയെ ശമിപ്പിക്കുന്ന പഴുതാര കൊല്ലി മുതല്‍ അപൂര്‍വ്വ സസ്യ ഇനങ്ങളായ കമണ്ഡലു, ഈന്ത്, നാഗലിംഗപ്പൂവ്, രുദ്രാക്ഷം, സോമനാദി, കായം, പാല്‍ മുതുക്കന്‍ കിഴങ്ങ് വരെ ഇവിടെ ഉണ്ട്. പരിസ്ഥിതി പ്രേമികളെയും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സ്വാഗതം ചെയ്യുകയാണ് ഈ ഉദ്യാനം
മട്ടന്നൂര്‍ പഴശ്ശി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെട്രാഡ്സ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കും ഉദ്യാനത്തിലെ ഔഷധസസ്യങ്ങളെ വ്യാവസായികമായി ഉത്പാദിപ്പിച്ച് വരുമാനമാര്‍ഗം കണ്ടെത്തുന്നതിനുള്ള പരിശീലനവും നല്‍കും.
ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഓരോ ജില്ലയിലും ഒന്നു വീതം ജൈവവൈവിധ്യ ഉദ്യാനമാണ് നിര്‍മ്മിച്ചിരിക്കുന്നത് ഈ രംഗത്ത് പിലിക്കോട് ഗ്രാമപഞ്ചായത്ത് നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പിലിക്കോട് പഞ്ചായത്തിനെ ജില്ലാതല ജൈവ വൈവിധ്യ ഉദ്യാനത്തിനായി തെരഞ്ഞെടുത്തത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തത്.