ഇരുമ്പയിര് കയറ്റുമതി കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റില്‍

കര്‍ണാടകയിലെ കാര്‍വാര്‍ എംഎല്‍എയായ സതീഷ് കൃഷ്ണ സെയ്ല്‍ ഇരുമ്പയിര് കയറ്റുമതി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13, 14 തീയതികളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍, ഇഡി ഏകദേശം 1.5 കോടി രൂപയും 7 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം, അതായത് 2024 ഒക്ടോബര്‍ 26-ന്, ഇരുമ്പയിര് അഴിമതി കേസില്‍ കര്‍ണാടകയിലെ പ്രത്യേക കോടതി സതീഷ് സെയ്‌ലിന് ഏഴ് വര്‍ഷം തടവും 44 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, 2024 നവംബറില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

2009-10 കാലഘട്ടത്തില്‍ കര്‍ണാടകയില്‍ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി സെയ്ലിനെതിരെ നടപടിയെടുത്തത്. സെയ്ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബേലിക്കേരി തുറമുഖം വഴി വന്‍തോതില്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തുടര്‍ന്നാണ് 2010-ല്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാല്‍ മലയാളികള്‍ക്കിടയില്‍ സതീഷ് കെ സെയ്ല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *