ഏറെക്കാലത്തെ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം, നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുങ്ങുന്നു. മേല്‍ നടപ്പാലത്തിന് സമീപത്താണ് പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നത്. നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലം മണ്ണിട്ട് ഉയര്‍ത്തുന്ന ജോലിയാണ് നിലവില്‍ ആരംഭിച്ചത്. ഫെബ്രുവരി അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന, മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക എന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍, എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ ഇക്കാര്യം ബോധിപ്പിച്ചിരുന്നു. അന്ന് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.