കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കോഴിക്കോട് കളക്ട്രേറ്റിലെ ജീവനക്കാരിയോട് ജൂനിയര്‍ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരി എഡിഎമ്മിന് പരാതി നല്‍കിയത്. പരാതിയില്‍ എ.ഡി.എം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എഡിഎം വ്യക്തമാക്കി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം നടന്നത്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലാണ് എഡിഎം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിര്‍ദേശിച്ചു.